ഒല്ലൂർ: ജംഗ്ഷൻ വികസനത്തിനുള്ള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി നഷ്ടപരിഹാരത്തുകയുടെ വിതരണം ഉടൻ ആരംഭിക്കുമെന്ന് സ്ഥലം എംഎൽഎയായ റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. നഷ്ടപരിഹാരത്തുക ഇതിനകം ഒല്ലൂർ ജംഗ്ഷൻ വികസനത്തിനു ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി കളക്ടർക്കു കൈമാറിയിട്ടുണ്ട്. 54,10,18,307 രൂപയാണ് കൈമാറിയത്. ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തുതുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
വികസനത്തിന്റെ പേരിൽ കച്ചവടസ്ഥാപനങ്ങളടക്കം വിട്ടുകൊടുക്കേണ്ടിവരുന്നുണ്ട്. ഉടമയുടെ നഷ്ടം മാത്രമല്ല, അതിലെ തൊഴിൽ നഷ്ടപ്പെടുന്നവരെയും സർക്കാർ പുനരധിവാസ പാക്കേജിലൂടെ പരിഗണിക്കുന്നു. ഉടമകളും ജീവനക്കാരും ഉൾപ്പടെ 212 പേരുടെ പട്ടികയാണു തയാറാക്കിയിട്ടുള്ളത്. ഒല്ലൂരിലെ എടക്കുന്നി വില്ലേജിലെ പുറന്പോക്ക് ഉൾപ്പെടെ 85.64 ആർ വിസ്തീർണത്തിലുള്ള ഭൂമിയാണ് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുക്കുക. സംസ്ഥാന സർക്കാർ കേരളത്തിലെ 20 ജംഗഷ്നുകൾ വികസിപ്പിക്കുന്നതിനു പദ്ധതിയിട്ടിരുന്നു. അതിൽ തൃശൂർ ജില്ലയ്ക്ക് അനുവദിച്ചതാണ് ഒല്ലൂർ ജംഗ്ഷൻ വികസനം.
കഴിഞ്ഞ ഡിസംബറിൽ ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം ഭൂമി ഏറ്റെടുത്ത തുകയ്ക്കു പുറമെ റോഡ് നിർമാണത്തിന് കെആർഎഫ്ബി എടുത്ത എസ്റ്റിമേറ്റ് തുകയും ചേർത്ത് ഒല്ലൂർ ജംഗ്ഷൻ വികസനത്തിന് ആകെ 66,82,50,819 രൂപയാക്കി ഉയർത്തി അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും നിർദിഷ്ട സ്ഥലങ്ങളിലെ ചമയങ്ങൾ പൊളിച്ചുനീക്കി, വികസനപ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.